ദില്ലി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗി അധ്യക്ഷതയിൽ ചേർന്ന പാർലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് സമ്മേളന തീയതികൾക്ക് അംഗീകാരം നൽകിയെന്ന് റിപ്പോർട്ട്. ഇതനുസരിച്ച് ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി 1, ഞായറാഴ്ച കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. അടുത്ത കാലത്തൊന്നും ഒരു ഞായറാഴ്ചയും കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഞായറാഴ്ചയിലെ ബജറ്റ് അവതരണം കൂടുതൽ ആകാംക്ഷയുണ്ടാക്കുന്നതാകുമെന്നാണ് പ്രതീക്ഷ. ജനുവരി 28 ന് രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നതോടെ ബജറ്റ് സമ്മേളനത്തിന് തുടക്കമാകും. സാമ്പത്തിക സർവ്വേ റിപ്പോർട്ട് ജനുവരി 29 ന് പാർലമെന്റിൽ സമർപ്പിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ 88 -ാമത് ബജറ്റ് അവതരിപ്പിക്കാൻ തയ്യാറെടുക്കുന്ന നിർമല സീതാരാമൻ പുതിയ ചരിത്രം കൂടിയാകും ബജറ്റ് അവതരണത്തിൽ സ്വന്തമാക്കുക.