തിരുവനന്തപുരം: സിറ്റി ബസ് വിവാദത്തില്‍ തിരുവനന്തപുരം മേയർ വിവി രാജേഷിന് മറുപടിയുായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. താൻ പറയുന്ന കാര്യങ്ങൾ വളച്ചൊടിക്കാൻ ശ്രമിക്കരുതെന്നും കോർപ്പറേഷൻ ബസുകൾ വാങ്ങിയത് കേന്ദ്ര പദ്ധതിയിൽ എന്ന് പറയാൻ കഴിയില്ല, സ്റ്റേറ്റ് ഷെയർ 500 കോടിയാണ്. 60% വിഹിതവും സംസ്ഥാനത്തിന്‍റേതാണ്. 113 വാഹനങ്ങളും കോർപ്പറേഷൻ ഈ രീതിയിൽ വാങ്ങിയതാണ്. മൂന്നു പാർട്ടികളുമായുള്ള എഗ്രിമെന്‍റാണ്. കോർപ്പറേഷനിലെ കെഎസ്ആർടിസി വേറൊരു ജില്ലയിലും ഓടുന്നില്ല. സങ്കീർണമായ മെയിന്‍റനന്‍സ് ഉള്ളതുകൊണ്ട് മറ്റൊരു ജില്ലയിൽ നിലവിൽ ഓടിക്കുന്നില്ല. ബാറ്ററി നശിച്ചാൽ മാറ്റിവയ്ക്കാൻ 28 ലക്ഷം രൂപ വേണം. തിരുവനന്തപുരം മേയർ 113 ബസുകളും തങ്ങൾക്ക് വേണമെന്ന് ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ തിരിച്ചയയ്ക്കും. സിഎംഡിക്ക് ഒരു കത്ത് കൊടുത്താൽ മാത്രം മതി. പകരം 150 ബസ് കെഎസ്ആർടിസി സിറ്റിയിൽ ഇറക്കും. കോർപ്പറേഷന് വണ്ടികൾ കൊടുത്താൽ കെഎസ്ആർടിസിയുടെ സ്ഥലത്ത് ഇടാൻ സമ്മതിക്കില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് മേയർ തന്നോട് സംസാരിച്ചിട്ടില്ല. മേയറിനെ ആരോ തെറ്റ് ധരിപ്പിച്ചതാണ്. വാഹനങ്ങൾ സന്തോഷത്തോടെ തിരികെ കൊടുക്കാൻ തയ്യാറാണ്. ഡ്രൈവറും വർക് ഷോപ്പും കണ്ടക്ടറും എല്ലാം കെഎസ്ആർടിസിയുടെതാണ് എന്നും മന്ത്രി വിശദീകരിച്ചു.