തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ രാജ്യാന്തര ബന്ധമുള്ള കണ്ണിയെന്ന് പ്രവാസി വ്യവസായി മൊഴി നൽകിയ ഡിണ്ടിഗൽ സ്വദേശി ഡി മണിയെ എസ്ഐടി ചോദ്യം ചെയ്തശേഷം വിട്ടയച്ചു. ഇന്ന് രാവിലെ 10.30ക്കാണ് മണിയും സഹായിയായ ബാലമുരുകനും എസ്ഐടി ഓഫീസിലെത്തിയത്. ചോദ്യം ചെയ്യൽ 10 മണിക്കൂർ നീണ്ടു. ഉച്ചയോടെയാണ് മണിയുടെ മറ്റൊരു സഹായിയായ ശ്രീകൃഷ്ണൻ ഹാജരായത്. രാത്രിയോടെയാണ് മൂന്നുപേരെയും വിട്ടയച്ചത്. മണിയെ എഡിജിപി എച്ച്.വെങ്കിടേശ് രാവിലെ ചോദ്യം ചെയ്തു. തുടര്‍ന്ന് എസ്ഐടി അംഗങ്ങള്‍ ചോദ്യം ചെയ്തു. കഴിഞ്ഞ ആറു വർഷമായി ഡി മണിക്കുണ്ടായ സാമ്പത്തിക വളർച്ച അടക്കം എസ്ഐടി ചോദിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഡി മണിക്കുള്ള ബന്ധം തെളിയിക്കപ്പെട്ടാൽ ശബരിമല കേസിൽ അത് നിർണായകമായമാകും. ഇതിനിടെ, ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രമുഖ സിപിഎം നേതാവും മുൻ ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പിഎസ് പ്രശാന്തിനെയും എസ്ഐടി ചോദ്യം ചെയ്ത വിവരവും ഇന്ന് പുറത്തുവന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു നിർണ്ണായക ചോദ്യം ചെയ്യൽ.