കാരക്കാസ്: വെനസ്വേലയുടെ തുറമുഖത്ത് ഡ്രോൺ ആക്രമണം നടത്തിയെന്ന അവകാശവാദവുമായി അമേരിക്ക. സിഐഎയാണ് ഡിസംബർ ആദ്യത്തിൽ വെനസ്വേലയുടെ തീരത്തെ തുറമുഖത്ത് ആക്രമിച്ചതെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. വെനസ്വേലയിലെ ലഹരി സംഘമായ ട്രൻ ഡേ ആരഗ്വാ ലഹരിമരുന്ന് ശേഖരിച്ചിരുന്ന സംവിധാനമാണ് തകർത്തതെന്നാണ് അമേരിക്ക വിശദമാക്കുന്നത്. ആക്രമണ സമയത്ത് ഇവിടെ ആളുകൾ ഇണ്ടായിരുന്നില്ലെന്നും ആക്രമണത്തിൽ ആളപായം ഇല്ലെന്നുമാണ് അമേരിക്ക അവകാശപ്പെടുന്നത്. യുഎസ് സ്പെഷ്യൽ ഓപ്പറേഷൻസ് ഫോഴ്സ് ആണ് നടപടിക്ക് ആവശ്യമായ സഹായം നൽകിയതെന്നും സിഎൻഎൻ റിപ്പോട്ടിൽ വിശദമാക്കുന്നു. ബോട്ടുകളിൽ ലഹരിമരുന്ന് നിറയ്ക്കുന്ന കേന്ദ്രമാണ് ആക്രമിച്ച് തകർത്തതെന്നാണ് ഡൊണാൾഡ് ട്രംപ് മാധ്യമങ്ങളോട് വിശദമാക്കിയത്. എന്നാൽ ആക്രമണം നടത്തിയത് അമേരിക്കൻ സൈന്യമാണോ സിഐഎ ആണോ എന്നതിനേക്കുറിച്ച് ട്രംപ് പ്രതികരിച്ചില്ല.