തൃശ്ശൂർ: താലോർ ജെറുസലേം ധ്യാനകേന്ദ്രത്തിൽ നടന്ന പവിത്രമായ ചടങ്ങിൽ സി.എം.ഐ സഭയുടെ കോയമ്പത്തൂർ പ്രവിശ്യയിലെ ഒൻപത് ഡീക്കന്മാർ പൗരോഹിത്യം സ്വീകരിച്ചു. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കൈവെപ്പ് ശുശ്രൂഷയിലൂടെയാണ് ഇവർ വൈദികരായി അഭിഷേകം ചെയ്യപ്പെട്ടത്.
കോയമ്പത്തൂർ പ്രേഷിത പ്രൊവിൻസിൻ്റെ അധിപൻ റവ. ഫാദർ സാജു ചക്കാലക്കൽ സി.എം.ഐ, തിയോളജി പഠനകാലത്ത് ധർമ്മാരാമിൽ ഡീക്കന്മാരുടെ മാസ്റ്ററായിരുന്ന ഇമ്മാനുവേൽ കാരിയപുരയിടം അച്ചൻ എന്നിവർ തിരുക്കർമ്മങ്ങളിൽ സഹകാർമ്മികരായിരുന്നു. ഏകദേശം ഇരുന്നൂറോളം വൈദികരും സിസ്റ്റർമാരും ഉൾപ്പെടെ മൂവായിരത്തോളം വിശ്വാസികൾ ശുശ്രൂഷകളിൽ പങ്കെടുത്തു. "സ്വയം മുറിച്ച് മറ്റുള്ളവർക്ക് നൽകുന്നവനാകണം യഥാർത്ഥ പുരോഹിതൻ" എന്ന് പരിശുദ്ധ ബലിമധ്യേ നൽകിയ സന്ദേശത്തിൽ മാർ റാഫേൽ തട്ടിൽ പിതാവ് ഓർമ്മിപ്പിച്ചു. എപ്പോഴും സഭാസമൂഹത്തിന് ലഭ്യമായവരായിരിക്കേണ്ടതിൻ്റെ (Availability) ആവശ്യകതയെക്കുറിച്ചും അദ്ദേഹം തൻ്റെ പ്രസംഗത്തിൽ വിശദീകരിച്ചു. സമൂഹത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് നിർഹിക്കുന്നവർ ആവണം ഓരോ പുരോഹിതരും എന്നും പിതാവ് തന്റെ പ്രസംഗത്തിൽ വൈദീകരെ ഉദ്ബോധിപ്പിച്ചു. കോയമ്പത്തൂർ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സാജു ചക്കാലക്കൽ അച്ചൻ ഏവരെയും സ്വാഗതം ചെയ്ത് കൊണ്ട് സംസാരിച്ചു. തന്റെ സ്വാഗത പ്രസംഗത്തിൽ ഒൻപത് നവ വൈദീകർ പ്രവശ്യക്ക് അഭിമാനം ആണ് എന്ന് അച്ചൻ എടുത്ത് പറഞ്ഞു. ജെറുസലേം ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടർ ബഹുമാനപ്പെട്ട ഡേവിസ് പട്ടത്തച്ചന്റെ സാന്നിധ്യം അനുഗ്രഹപ്രദമായിരുന്നു. ഇന്നത്തെ കർമ്മങ്ങൾക്ക് നേതൃത്വം കൊടുത്തത് കോയമ്പത്തൂർ പ്രോവിൻസിന്റെ വികർ പ്രൊവിൻഷ്യൽ വിൽസൺ ചക്യത്ത് അച്ചനും കർമ്മങ്ങൾക്ക് നിർദ്ദേശം നൽകിയത് ഡാനി കൊക്കാടൻ അച്ചനും ആണ്. രാവിലെ 9 മണിക്ക് തുടങ്ങിയ കർമ്മങ്ങൾ ഉച്ചയോടെ അവസാനിച്ചു.