കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയായി. ശസ്ത്രക്രിയ വിജയകരമെന്ന് എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ ഷാഹിർഷാ അറിയിച്ചു. തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം കാരൻ ഷിബുവിന്റെ ഹൃദയം എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള നേപ്പാൾ സ്വദേശിനി ദുർഗയ്ക്കാണ് മാറ്റിവെച്ചത്. ശസ്ത്രക്രിയക്ക് ശേഷം പെൺകുട്ടിയെ ഐസിയുവിലേക്ക് മാറ്റി.രാജ്യത്താദ്യമായിട്ടാണ് ഒരു ജില്ലാതല ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. ഏറെ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് വിദേശ പൗരയ്ക്ക് ഹൃദയം മാറ്റിവയ്ക്കുന്നത്. രാജ്യത്തെ പൗരന്മാർക്ക് ഹൃദയം മാറ്റിവെച്ചതിന് ശേഷം മാത്രം വിദേശത്തുള്ളവരെ പരിഗണിച്ചാൽ മതിയെന്ന കേന്ദ്ര ചട്ടമായിരുന്നു ദുർഗ്ഗയ്ക്ക് മുന്നിൽ ഇത്രകാലം ഇരുട്ടായി നിന്നത്. അതുമാറി. അനുയോജ്യമായ ഹൃദയവും കിട്ടിയതോടെ നാടും നമ്മുടെ ഭരണകൂടവും കൈകോർത്തു. ഏറാംബുലൻസിൽ ഹൃദയമെത്തിക്കാൻ ഇത്തവണയും സംവിധാനങ്ങളെല്ലാം ഉണർന്നു പ്രവർത്തിച്ചു.