ശബരിമല സ്വർണ്ണക്കൊളളക്കേസ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം. എ പത്മകുമാറിനെതിരെ സംഘടനാ നടപടി സ്വീകരിക്കേണ്ടിയിരുന്നു. നടപടി എടുക്കാതിരുന്നത് എതിരാളികൾക്ക് ആയുധമായെന്നും നടപടിക്ക് സംസ്ഥാന നേതൃത്വം തീരുമാനമെടുക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനമുണ്ടായി. മുൻ എംഎൽഎ - കെസി രാജഗോപാലൻ പഞ്ചായത്തിൽ മൽസരിച്ചതിനെതിരെയും സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നു. മത്സരം പ്രാദേശിക വിഭാഗീയതയ്ക്ക് കാരണമായെന്നാണ് വിമർശനം. അതേസമയം, കെസിആറിന്റെ പരസ്യ വിമർശനങ്ങളിൽ നാളെ ജില്ലാ കമ്മിറ്റിയിൽ ചർച്ച നടക്കും. മുൻ എംഎൽഎ കെസി രാജഗോപാലന്റേത് അച്ചടക്കലംഘനമാണ്. പരസ്യ പ്രതികരണം നടത്തിയതിൽ വിശദീകരണം തേടും. സിപിഎം മൂട് താങ്ങികളുടെ പാർട്ടിയായി. മെഴുവേലി പഞ്ചായത്തിൽ തന്നെ കാലുവാരി തുടങ്ങിയവ ആയിരുന്നു മത്സരത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ.