തന്റെ സംഗീതവും നൃത്തവും കൊണ്ട് ലോകത്തെ ത്രസിപ്പിച്ച ആ കലാകാരന്‍ ദിസ് ഈസ് ഇറ്റ് എന്ന ആല്‍ബത്തിന്റെ പണിപ്പുരയിലിരിക്കുമ്പോഴാണ് നമ്മെ വിട്ടുപിരിഞ്ഞത്. അമേരിക്കയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് സംഗീത ലോകത്തെ മുടിചൂടാമന്നനായി മാറിയ ആ കലാകാരന്റെ ജീവിതത്തിലൂടെ. അമേരിക്കന്‍ സംഗീതത്തിലെയും സമൂഹത്തിലേയും കറുപ്പിനും വെളുപ്പിനുമിടയില്‍ ജീവിച്ച കലാകാരനായിരുന്നു മൈക്കല്‍ ജാക്‌സണ്‍. പോപ്പ് സംഗീതം ആസ്വദിക്കാത്തവരെക്കൂടി തന്റെ നൃത്തച്ചുവടുകളിലൂടെ തന്നിലേക്കടുപ്പിച്ച ആഗോള സെലിബ്രിറ്റി. കറുത്ത വര്‍ഗക്കാര്‍ക്ക് നീതി നിഷേധിക്കപ്പെട്ട ഒരു കാലത്ത് ഇന്ത്യാനയിലെ ഒരു പട്ടണത്തിലെ സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ജാക്‌സണ് സംഗീതമായിരുന്നു എല്ലാം.പ്രണയം, വര്‍ണവിവേചനം, പരിസ്ഥിതി അവബോധം, ഏകാന്തത തുടങ്ങിയവയൊക്കെയായിരുന്നു ജാക്‌സണ്‍ തന്റെ ഗാനങ്ങളിലൂടെ സ്പര്‍ശിച്ച പ്രധാന വിഷയങ്ങള്‍. വര്‍ഷമെത്ര കഴിഞ്ഞാലും, ആ മാസ്മരിക സംഗീതവും നൃത്തച്ചുവടുകളും ആസ്വാദകരെ എന്നെന്നും ത്രസിപ്പിക്കും.