ദില്ലി: ലഖ്നൗവിലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം തടസ്സപ്പെട്ടതിൽ പ്രതികരണവുമായി കോൺഗ്രസ് എംപി ശശി തരൂർ. കനത്ത മൂടൽമഞ്ഞും വായു മലിനീകരണവും കാരണമാണ് ലഖ്‌നൗവിൽ നിശ്ചയിച്ച നാലാം ടി20 മത്സരം ഉപേക്ഷിച്ചത്. മത്സരം നടത്തേണ്ടത് ഉത്തരേന്ത്യൻ നഗരത്തിലല്ലെന്നും തിരുവനന്തപുരത്തായിരുന്നു വേണ്ടതെന്നും തരൂർ എക്സിലെ പോസ്റ്റിൽ പറഞ്ഞു. തിരുവനന്തപുരത്തെ വായു നിലവാരം വളരെ മെച്ചപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തരൂരിന്റെ പരാമർശം. കാലാവസ്ഥാ സാഹചര്യങ്ങളാൽ ക്രിക്കറ്റ് ആരാധകർ വെറുതെ കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു ക്രിക്കറ്റ് ആരാധകർ വെറുതെ കാത്തിരിക്കുകയായിരുന്നു. മിക്ക ഉത്തരേന്ത്യൻ നഗരങ്ങളിലെയും വായുഗുണനിലവാരം അപകടകരമായ അവസ്ഥായായ എക്യുഐ 411 എന്ന നിലയിലാണ്. എന്നാൽ തിരുവനന്തപുരത്ത് മത്സരം ഷെഡ്യൂൾ ചെയ്യണമായിരുന്നു. കാരണം അവിടെ ഇപ്പോൾ എയർ ക്വാളിറ്റി ഇൻഡക്സ് 68 ആണെന്നും അദ്ദേഹം കുറിച്ചു. അഞ്ചാമത്തെയും അവസാനത്തെയും മത്സരം വെള്ളിയാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും.