സിഡ്നി: ഓസ്ട്രേലിയയെ നടുക്കിയ ബോണ്ടി ബീച്ച് വെടിവയ്പിലെ പ്രതികളിലൊരാൾ ഫിലിപ്പീൻസിലേക്ക് യാത്ര ചെയ്തത് ഇന്ത്യൻ പാസ്പോർട്ടിൽ എന്ന് റിപ്പോർട്ട്. മനിലയിലെ ബോർഡർ അതോറിറ്റിയിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ബിബിസിയുടെ റിപ്പോർട്ട്. വെടിവയ്പിൽ കൊല്ലപ്പെട്ട അക്രമിയായ 50 കാരൻ സജിദ് അക്രം ആണ് ഫിലിപ്പീൻസിലേക്ക് ഇന്ത്യയുടെ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്തത്. ഒപ്പമുണ്ടായിരുന്ന മകൻ നവീദ് അക്രമിന്റെ പാസ്പോർട്ട് ഓസ്ട്രേലിയയുടേതായിരുന്നുവെന്നാണ് മനില ബോർഡർ അതോറിറ്റി വിശദമാക്കുന്നത്. സൈനിക രീതിയിലുള്ള പരിശീലനം നേടാനാണ് ഇവർ ഫിലിപ്പീൻസിലത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം. ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളിൽ ഉത്തേജിതരായാണ് ആക്രമണം നടത്തിയിരിക്കുന്നതെന്നാണ് ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി വിശദമാക്കുന്നത്. അക്രമികളുടെ വാഹനത്തിൽ നിന്ന് കണ്ടെത്തിയ ഇസ്ലാമിക് സ്റ്റേറ്റ് പതാകകളും ഇപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകളും ഇതാണ് സൂചിപ്പിക്കുന്നതെന്നാണ് ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി ആന്തണി ആൽബനീസ് വിശദമാക്കുന്നത്.