കൊച്ചി: മസാല ബോണ്ടിലെ ഇഡി നോട്ടീസിൽ കിഫ്ബിക്ക് ആശ്വാസം. മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കാരണം കാണിക്കൽ നോട്ടീസ് അയച്ചതിൽ മൂന്ന് മാസത്തേക്ക് സ്റ്റേ നൽകി ഹൈക്കോടതി. ഇഡി അഡ്ജുഡിക്കേറ്റിംങ് അതോറിറ്റിയുടെ നോട്ടീസിനാണ് സ്റ്റേ നൽകിയിരിക്കുന്നത്. ഇഡി നടപടിക്കെതിരെ കിഫ്ബി നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ട് മൂന്നു മാസത്തേക്കാണ് സ്റ്റേ. മസാലബോണ്ട് വഴി സമാഹരിച്ച പണം ഭൂമി വാങ്ങാൻ ഉപയോഗിച്ചെന്നാരോപിച്ചായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ നോട്ടീസ്. ഫെമ നിയമലംഘനം ഉണ്ടായിട്ടില്ലെന്നും, ഇഡി സ്പെഷൽ ഡയറക്ടറുടെ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കിഫ്ബി കോടതിയെ സമീപിച്ചത്. കേസില്‍ വിശദമായ വാദം കേള്‍ക്കുന്നതിന് മുന്നോടിയായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനോട് സത്യവാങ്മുലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.