ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയും ചേർന്ന് സെൽഫി എടുക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു ഇറ്റലിയിലെ അപുലിയയിൽ നടക്കുന്ന ഉച്ചകോടിക്കിടെ മെലോനി ചിത്രം ഫോണിൽ പകർത്തിയത്. കഴിഞ്ഞ വർഷം ദുബായിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെ ഇരു നേതാക്കളും എടുത്ത സെൽഫിയും വൈറലായിരുന്നു. വെള്ളിയാഴ്ച, മോദിയും മെലോനിയും ഉഭയകക്ഷി ചർച്ച നടത്തിയിരുന്നു. തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ മോദിയെ, മെലോനി അഭിനന്ദിച്ചതായി പിഎംഒ അറിയിച്ചു. ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചതിനു മോദി, മെലോനിയെ നന്ദിയറിക്കുകയും ഉച്ചകോടിയുടെ വിജയം ആശംസിക്കുകയും ചെയ്തു. ജി7ൽ അംഗമല്ലാത്ത ഇന്ത്യയെ, ഉച്ചകോടിയിലേക്ക് പ്രത്യേകമായി ക്ഷണിക്കുകയായിരുന്നു. ഇറ്റലി, കാനഡ, ഫ്രാൻസ്, ജർമനി, ജപ്പാൻ, ബ്രിട്ടൻ, യുഎസ് എന്നിവയാണ് ജി 7 രാജ്യങ്ങൾ.