വാഷിംഗ്ടൺ ഡി.സി: ഇന്ത്യയ്ക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡോണൾഡ് ട്രംപ്. ഇന്ത്യയിൽ നിന്നുള്ള അരിയടക്കം കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് പുതിയ താരിഫുകൾ ചുമത്തുമെന്നാണ് ഭീഷണി. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ചർച്ചകളിൽ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ നീക്കം. വൈറ്റ് ഹൗസിൽ വെച്ച് അമേരിക്കയിലെ കർഷകർക്കായി ഒരു കാർഷികാശ്വാസ പാക്കേജ് പ്രഖ്യാപിക്കുന്നതിനിടെയാണ് ട്രംപ് ഇന്ത്യയിൽ നിന്നും മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള കാർഷിക ഇറക്കുമതിയെ വിമർശിച്ചത്. ഇത്തരം ഇറക്കുമതി ആഭ്യന്തര ഉത്പാദകരെ ദോഷകരമായി ബാധിക്കുന്നുവെന്ന് ട്രംപ് ആരോപിച്ചു. അമേരിക്കൻ കർഷകരെ സംരക്ഷിക്കാൻ മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് താരിഫുകൾ ശക്തമായി ഉപയോഗിക്കാനാണ് തീരുമാനമെന്നും ട്രംപ് ആവർത്തിച്ചു.