ലോകത്ത് ഏറ്റവും ഉയരമുള്ളതെന്നു കണക്കാക്കപ്പെടുന്ന അപൂർവ പുഷ്പമായ സുമാത്രൻ ടൈറ്റൻ ആരം ലണ്ടനിലെ കീ ഗാർഡൻസിൽ വിരിഞ്ഞു. വർഷങ്ങൾക്കു ശേഷമാണ് ഈ പുഷ്പിക്കലെന്നതിനാൽ വൻ ജനശ്രദ്ധ സംഭവം നേടിയിട്ടുണ്ട്. അൽപസമയം മാത്രം നിലനിൽക്കുന്ന അപൂർവ പുഷ്പമാണ് ഇത്. ഒന്നോ രണ്ടോ ദിവസങ്ങൾക്കുശേഷം പുഷ്പംകൊഴിഞ്ഞുണങ്ങി നശിക്കും. അഴുകിയ മാംസത്തിന്റേത് പോലെ അസഹ്യമായ ദുർഗന്ധമുള്ള പൂവ് ഇന്തൊനീഷ്യയിലെ സുമാത്രൻ ദ്വീപുകളിലുള്ള മഴക്കാടുകളിൽ മാത്രമാണു സാധാരണ കാണപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള പൂവാണ് സുമാത്രൻ ടൈറ്റൻ ആരം. അമോർഫോഫാലസ് ടൈറ്റാനിയം എന്നും ഇതിനു പേരുണ്ട്. പത്തു മീറ്റർ വരെ ഇതിന്റെ പൂവിനു പൊക്കം വയ്ക്കും. ലോകത്തിലെ ഏറ്റവും വലിയ പൂവായ, സുമാത്രയിൽ നിന്നുള്ള റഫ്ലേഷ്യയുമായി പലപ്പോഴും ഇത് ഉപമിക്കപ്പെടാറുണ്ട്. അഴുകിയ ഗന്ധം റഫ്ലേഷ്യയ്ക്കുമുള്ളതിനാലാണ് ഈ ഉപമ. എന്നാൽ രണ്ടു പൂക്കളും തമ്മിൽ വലിയ വ്യത്യാസമുണ്ട്.