തിരുവനന്തപുരം: രാഷ്‌ട്രീയാവേശം അലതല്ലിയ തദ്ദേശ തെരഞ്ഞെടുപ്പിന് ഇന്ന് നിശബ്ദ പ്രചാരണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾ നാളെ വിധി കുറിക്കാൻ പോളിംഗ് ബൂത്തിലെത്തും. വോട്ടര്‍മാരുടെ മനസ് കീഴടക്കാനുളള അവസാനവട്ട ശ്രമങ്ങളിലാണ് നിശബ്ദ പ്രചാരണ ദിവസം സ്ഥാനാര്‍ഥികളും നേതാക്കളും. വോട്ട് തേടിയുളള സ്ഥാനാര്‍ഥികളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും നെട്ടോട്ടം ഇന്ന് കൊണ്ട് അവസാനിക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുളള ഏഴ് ജില്ലകളില്‍ മുമ്പെങ്ങും കാണാത്തവിധം പ്രചാരണത്തില്‍ ആളും ആരവവും ആവേശവും പ്രകടമായിരുന്നു. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടും അധികാരം തിരിച്ചു പിടിക്കാനും അട്ടിമറിക്കാനുമായി സ്ഥാനാര്‍ഥികളും മുന്നണികളും കളം നിറഞ്ഞതോടെ ഗോദയില്‍ വികസനം മുതല്‍ അഴിമതി വരെ ചര്‍ച്ചയായി.