ദില്ലി: കൊല്ലം കൊട്ടിയത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ അടിയന്തര നടപടി സ്വീകരിച്ച് കേന്ദ്ര സർക്കാർ. കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് അടിയന്തര വിലക്ക് കൽപ്പിച്ച കേന്ദ്രം, കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കവും തുടങ്ങി. കൊട്ടിയം മൈലക്കാടിന് സമീപത്തെ ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇന്നലെയാണ് തകർന്നത്. സംഭവത്തിൽ ദേശീയ പാത നിർമ്മാണ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്താതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസടക്കം കേന്ദ്രം ഇതിനകം നൽകിക്കഴിഞ്ഞു. കരാർ കമ്പനിയുടെ പ്രോജക്ട് മാനേജരെയും റസിഡൻറ് എഞ്ചിനീയറെയും മാറ്റുകയും ചെയ്തിട്ടുണ്ട്. വിദഗ്ധസമിതി സ്ഥലം സന്ദർശിക്കുന്നു എന്നും സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികളുണ്ടാകുമെന്നും കേന്ദ്രം വ്യക്തമാക്കി. മണ്ണ് പരിശോധനയിലും അടിസ്ഥാന നിർമ്മാണത്തിലും വീഴ്ചയുണ്ടായെന്നും കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്