യുഎസ് മുന്നോട്ടു വച്ചതും യുഎൻ രക്ഷാസമിതി അംഗീകരിച്ചതുമായ വെടിനിർത്തൽ പ്രമേയത്തെ പിന്തുണച്ചെങ്കിലും വ്യവസ്ഥകളിൽ ഭേദഗതി വേണമെന്ന് ഹമാസ് ആവശ്യപ്പെട്ടതിനിടെ, യുദ്ധക്കെടുതിയുടെ സ്ഥിതിവിവരക്കണക്കുകൾ ഗാസ ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി. യുദ്ധം ഇന്നലെ 250 ദിവസം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ടാണ് ആരോഗ്യമന്ത്രാലയം സമഗ്ര കണക്കുകൾ പുറത്തുവിട്ടത്.37,202 പലസ്തീൻകാരാണ് ഇതുവരെ കൊല്ലപ്പെട്ടത്. പതിനായിരത്തോളം പേരെക്കുറിച്ച് വിവരമില്ല. കൊല്ലപ്പെട്ടവരിൽ 15,694 പേർ കുട്ടികളാണ്. മരിച്ചവരിൽ 70% പേരും സ്ത്രീകളും കുട്ടികളുമാണ്. ആരോഗ്യപ്രവർത്തകരിൽ 498 പേർ കൊല്ലപ്പെട്ടു. 150 മാധ്യമപ്രവർത്തകർക്കു ജീവൻ നഷ്ടപ്പെട്ടു. പട്ടിണി മൂലം ഗാസയിൽ 33 മരണം. മാതാപിതാക്കളുടെ ഒപ്പമല്ലാതെയോ ആരെങ്കിലും ഒരാൾക്കൊപ്പം മാത്രമായോ തങ്ങുന്നത് വീടില്ലാത്ത 17,000 കുട്ടികളാണ്. യുദ്ധം മൂലം ഗാസയിൽ 3300 കോടി ഡോളറിന്റെ നാശനഷ്ടമുണ്ടായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.