പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട മെറിറ്റ് സീറ്റ് അലോട്മെന്റും പ്രസിദ്ധീകരിച്ചു.ഭിന്നശേഷിക്കാർക്കുള്ള സീറ്റുകളിലടക്കം 239961 പേർക്കാണ് ഇതുവരെ അലോട്മെന്റ് ലഭിച്ചത്. 70100 സീറ്റുകളാണ് മെറിറ്റിൽ ബാക്കിയുള്ളത്. കൂടുതൽ സീറ്റ് ക്ഷാമം നേരിടുന്ന മലപ്പുറത്ത് 35607 മെറിറ്റ് സീറ്റുകളാണ് ഇതുവരെ അലോട്ട് ചെയ്തത്. 14600 സീറ്റുകൾ ബാക്കിയുണ്ട്. കോഴിക്കോട്ട് 23439 സീറ്റുകൾ അലോട്ട് ചെയ്തു. 8057 സീറ്റാണ് മെറിറ്റിൽ ബാക്കി. അലോട്മെന്റ് ലഭിച്ചവർ ജൂൺ 13 ന് വൈകിട്ട് 4 വരെ സ്കൂളുകളിലെത്തി പ്രവേശനം നേടണം. ആദ്യ ഓപ്ഷൻ തന്നെ ലഭിച്ചവർ ഫീസടച്ച് സ്ഥിര പ്രവേശനമാണ് നേടേണ്ടത്. താഴ്ന്ന ഓപ്ഷനുകളിൽ അലോട്മെന്റ് ലഭിച്ചവർക്ക് സ്ഥിര പ്രവേശനമോ താൽക്കാലിക പ്രവേശനമോ നേടാം. അലോട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്മെന്റുകളിൽ പരിഗണിക്കില്ല. രണ്ടാം അലോട്മെന്റിനൊപ്പം എയ്ഡഡ് സ്കൂളുകളിൽ കമ്യൂണിറ്റി ക്വോട്ടയിലും എയ്ഡഡ് ക്വോട്ടയിലും പ്രവേശനവും നടക്കുന്നുണ്ട്.