ദില്ലി: സഞ്ചാർ സാഥി ആപ്പ് വഴി ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗപ്പെടുത്തുമെന്ന് സമ്മതിച്ച് കേന്ദ്രസർക്കാർ. സഞ്ചാർ സാഥി ആപ്പ് വഴി ലഭിക്കുന്ന വിവരങ്ങൾ സാമ്പത്തിക തട്ടിപ്പ് തടയാൻ ഉപയോഗപ്പെടുത്തുമെന്ന് കേന്ദ്ര വാർത്താ വിതരണ സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനി വ്യക്തമാക്കി. രാജ്യത്ത് സൈബര്‍ തട്ടിപ്പുകള്‍ റിപ്പോർട്ട് ചെയ്യാൻ നടപടികൾ എളുപ്പത്തിലാക്കുകയാണ് സഞ്ചാര്‍ സാഥി ആപ്പിന്‍റെ പ്രധാന ലക്ഷ്യമെന്ന് ചന്ദ്രശേഖർ പെമ്മസാനി വിശദീകരിക്കുന്നു. അതേസമയം, രാജ്യത്തെ എല്ലാ പുതിയ മൊബൈല്‍ ഫോണുകളിലും സഞ്ചാര്‍ സാഥി ആപ്പ് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് മൊബൈൽ കമ്പനികളുമായി ചർച്ച നടത്തിയില്ലെന്ന ആരോപണം മന്ത്രി തള്ളി. ചർച്ചയിൽ ആപ്പിൾ കമ്പനി പങ്കെടുത്തില്ലെന്നും കേന്ദ്ര വാർത്താ വിതരണ സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനി പറഞ്ഞു.