തിരുവനന്തപുരം: ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എച്ച്എൽഎല്ലിൻ്റെ പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റി, പ്രഫഷണൽ, സാങ്കേതിക കോഴ്സുകൾക്ക് പഠിക്കുന്ന സമര്‍ഥരായ വിദ്യാർഥികളിൽ നിന്ന് സ്കോളർഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. എച്ച്എൽഎല്ലിൻ്റെ സാമൂഹിക ഉത്തരവാദിത്വ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പ്രതീക്ഷ സ്കോളർഷിപ്പ് ബിപിഎൽ കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്കാണ് നൽകുന്നത്.കേരളത്തിനുള്ളിൽ മെഡിസിൻ (എംബിബിഎസ്), എൻജിനീയറിങ്, ഫാർമസി, ഡിപ്ലോമ, നഴ്സിങ്, ഐടിഐ കോഴ്സുകൾക്ക് പഠിക്കുന്ന തിരുവനന്തപുരം ജില്ലക്കാരായ വിദ്യാർഥികൾക്കാണ് പ്രതീക്ഷ സ്കോളർഷിപ്പുകൾ നൽകുന്നത്. ഇക്കൊല്ലം 30 വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കും. അപേക്ഷാ ഫോമുകൾ എച്ച്‌എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് ഓഫീസുകളിൽ ലഭ്യമാണ്. www.lifecarehll.com എന്ന വെബ്സൈറ്റിൽ നിന്നും അപേക്ഷാ ഫോമുകൾ ഡൗൺലോഡ് ചെയ്യാം. അപേക്ഷകൾ സീനിയർ മാനേജർ (HR), എച്ച്‌എൽഎൽ ലൈഫ് കെയർ ലിമിറ്റഡ്, കോർപ്പറേറ്റ് & രജിസ്റ്റേർഡ് ഓഫീസ്, എച്ച്‌എൽഎൽ ഭവൻ, പൂജപ്പുര, തിരുവനന്തപുരം - 695 012 എന്ന വിലാസത്തിൽ 2025 ഡിസംബർ 31 ന് മുൻപായി ലഭിക്കണം.
എംബിബിഎസ് വിദ്യാർഥികൾക്ക് പ്രതിവർഷം 40,000 രൂപയാണ് സ്കോളർഷിപ്പ് ലഭിക്കുക. എംബിബിഎസ് വിദ്യാർഥികളുടെ അഭാവത്തിൽ ബിഡിഎസ്, ബിഎച്ച്എംഎസ്, ബിഎഎംഎസ് വിദ്യാർഥികളെ 25,000 രൂപയുടെ സ്കോളർഷിപ്പിനായി പരിഗണിക്കും. ഫാർമസി വിദ്യാർത്ഥികൾക്ക് 25,000 രൂപ, എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് 20,000 രൂപ, ഡിപ്ലോമ, നഴ്സിംഗ് വിദ്യാർത്ഥികൾക്ക് പ്രതിവർഷം 15,000 രൂപ എന്നിങ്ങനെയാണ് തുക നിശ്ചയിച്ചിരിക്കുന്നത്. ഐടിഐ വിദ്യാർഥികൾക്ക് 5,000 രൂപയാണ് സ്കോളർഷിപ്പായി ലഭിക്കുന്നത്. ഓരോ വിഭാഗത്തിലും അഞ്ച് പേർക്ക് വീതം പഠനകാലം മുഴുവനും സ്കോളർഷിപ്പ് തുക നൽകും