യൂറോ കപ്പിനു മുൻപ് എതിരാളികൾക്ക് മുന്നറിയിപ്പുമായി പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. 39–ാം വയസ്സിലും ഗോൾ പ്രഹരശേഷി കുറയാത്ത ക്രിസ്റ്റ്യാനോയുടെ ഇരട്ടഗോൾ മികവിൽ സന്നാഹ മത്സരത്തിൽ പോർച്ചുഗൽ 3–0ന് അയർലൻഡിനെ തോൽപിച്ചു. പോർട്ടോയിലെ അവീരോ മുനിസിപ്പൽ സ്റ്റേഡിയത്തിൽ കളിയുടെ 50,60 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ തകർപ്പൻ ഗോളുകൾ. 18–ാം മിനിറ്റിൽ ജോവ ഫെലിക്സിന്റെ ഗോളിൽ പോർച്ചുഗൽ മുന്നിലെത്തിയിരുന്നു. റൂബൻ നവാസ് നീട്ടി നൽകിയ പാസിൽ ഒരു സ്റ്റെപ് ഓവറിലൂടെ ഐറിഷ് ഡിഫൻഡറെ കബളിപ്പിച്ചു പായിച്ച റോക്കറ്റ് ഷോട്ടിലൂടെയാണ് ക്രിസ്റ്റ്യാനോ ആദ്യ ഗോൾ നേടിയത്. ഡിയേഗോ ജോട്ടയുടെ ക്രോസ് ഫസ്റ്റ് ടച്ചിൽ തന്നെ ഗോളിലേക്കു വഴി തിരിച്ചുവിട്ടായിരുന്നു രണ്ടാം ഗോൾ. 207 രാജ്യാന്തര മത്സരങ്ങളിൽ ക്രിസ്റ്റ്യാനോയ്ക്ക് ഇതോടെ 130 ഗോളുകളായി.