ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് കേസുകളില്‍ അന്വേഷണം നടത്താന്‍ സിബിഐയ്ക്ക് നിര്‍ദേശം നല്‍കി സുപ്രീംകോടതി. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ കേന്ദ്ര ഏജന്‍സിയുടെ അടിയന്തര ശ്രദ്ധ ആവശ്യമാണെന്നും സുപ്രീം കോടതി പറഞ്ഞു. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ നിക്ഷേപം നടത്തിയാല്‍ കൂടുതല്‍ നേട്ടം, പാര്‍ട്ട് ടൈം ജോലി എന്നിങ്ങനെയുള്ള പേരുകളില്‍ നടക്കുന്ന തട്ടിപ്പുകളെ കുറിച്ചും സിബിഐ അന്വേഷിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഡിജിറ്റല്‍ അറസ്റ്റ് കേസുകളുമായി ബന്ധപ്പെട്ട് നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ അന്വേഷണം നടക്കുന്നുണ്ട്. ഇത്തരം കേസുകളില്‍ അന്വേഷണം നടത്താന്‍ സംസ്ഥാനങ്ങള്‍ സിബിഐയ്ക്ക് അനുമതി നല്‍കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.