കുവൈത്തിലെ തൊഴിലാളി ക്യാംപിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 14 ആയി. ഇന്നലെയുണ്ടായ ദുരന്തത്തിൽ 49 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അവരിൽ 40 ഇന്ത്യക്കാരാണുള്ളത്. ഇവരിൽ 14 പേർ മലയാളികളാണ്. മരിച്ച 14 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂർ,കാസർകോട് സ്വദേശികളാണ് മരിച്ചത്.
കുവൈത്ത് ദുരന്തം ചർച്ച ചെയ്യാൻ സംസ്ഥാനത്ത് ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം പത്ത് മണിക്ക് ചേരും. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ യോഗത്തിൽ ചർച്ചയാകും.
കേരളത്തെ കൂടി സഹകരിപ്പിച്ചുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് കേന്ദ്രം ചെയ്യുന്നതെന്നും അപകടത്തിൽ പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് പരമാവധി സഹായമെത്തിക്കുമെന്നും കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ അറിയിച്ചു.
അതേസമയം കുവൈത്തിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതം സഹായം നല്‍കുമെന്നാണ് പ്രഖ്യാപനം.