കാസർകോട്: ഒരു പവന്റെ ബ്രേസ്‌ലറ്റിനുവേണ്ടി യുവതിയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയെ പൊലീസ് പിടികൂടി. ഒരുമിച്ചു താമസിച്ചിരുന്ന യുവതിയെ കഴുത്തുഞെരിച്ചു കൊന്ന കേസിലാണ് വയനാട് മേപ്പാടി തൃക്കൈപ്പറ്റ സ്വദേശി എം.ആന്റോ സെബാസ്റ്റ്യൻ (44) അറസ്റ്റിലാകുന്നത്. 2023 ജനുവരി 27നാണ് കേസിനാസ്പദമായ സംഭവം. കൊല്ലം കൊട്ടിയം സ്വദേശിനി നീതു കൃഷ്ണയെ (32)യാണ് കൊലപ്പെടുത്തിയത്. പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവിൽപോയി. ഇയാളെ കണ്ടെത്താൻ പൊലീസ് വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഫോൺ ലൊക്കേഷൻ പിന്തുടർന്ന് പൊലീസ് എത്തുമ്പോൾ പെയിന്റിംഗ് ജോലി ചെയ്യുകയായിരുന്നു ആന്റോ. പൊലീസ് ആന്റോ സെബാസ്റ്റ്യൻ ആണോ എന്ന് ചോദിച്ചപ്പോൾ അതേ എന്ന് മറുപടിയാണ് യുവാവ് നൽകിയത്. നിങ്ങൾ ആരാണെന്നു ആന്റോ തിരിച്ചു ചോദിച്ചപ്പോൾ പൊലീസ് ആണെന്ന് പറഞ്ഞു. പിന്നാലെ ആന്റോ സെബാസ്റ്റ്യനെ അനങ്ങാൻ പോലും പറ്റാത്ത വിധത്തിൽ പൊലീസുകാർ ചുറ്റും വളഞ്ഞു പിടികൂടുകയായിരുന്നു.