ലണ്ടൻ: പൊതുസ്ഥലങ്ങളിൽ പാൻ, ഗുട്ക എന്നിവ ചവച്ച ശേഷം തുപ്പുന്നത് ദക്ഷിണേഷ്യയിലെ തെരുവുകളിൽ സാധാരണ കാഴ്ചയാണ്. വൃത്തിഹീനമായ ഈ ശീലം അതിർത്തികൾ കടന്ന് ഇപ്പോൾ ബ്രിട്ടനിലും പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. ഈ വൃത്തിയില്ലാത്ത ശീലം കൊണ്ടു നടക്കുന്ന വ്യക്തികൾ കാരണം യുകെ വലിയ പ്രതിസന്ധിയും ബുദ്ധിമുട്ടുമാണ് നേരിടുന്നത്. ദക്ഷിണേഷ്യൻ സമൂഹവുമായി ബന്ധപ്പെട്ട ചവയ്ക്കുന്ന പുകയിലയുടെ കടും ചുവപ്പ് അവശിഷ്ടങ്ങൾ കടകളിലും നടപ്പാതകളിലും കെട്ടിടങ്ങളിലും നിന്ന് വൃത്തിയാക്കാൻ നോർത്ത് ലണ്ടൻ കൗൺസിൽ പ്രതിവർഷം 30,000 പൗണ്ടിലധികം (ഏകദേശം 35 ലക്ഷം രൂപ) ചെലവഴിക്കുന്നു എന്നാണ് 'ഈവനിംഗ് സ്റ്റാൻഡേർഡ്' റിപ്പോർട്ട് പറയുന്നത്. പ്രത്യേകിച്ച് വെംബ്ലിക്ക് ചുറ്റുമുള്ള ബ്രെന്‍റ് മേഖലകളിൽ പാൻ ചവയ്ക്കുന്നത് വ്യാപകമാണ്. ഇവിടെ കടുംചുവപ്പ് പാടുകൾ നടപ്പാതകളിലും ടെലിഫോൺ ബോക്സുകളിലും പൂച്ചട്ടികളിൽ പോലും പതിവായി കാണപ്പെടുന്നു.