ഏതു നാട്ടിലെത്തിയാലും ഇത്തിരി ചോറ് നിർബന്ധമാണു മലയാളികൾക്ക്. അരിക്ക് പകരമായി ഏതു ധാന്യത്തെ കൂട്ടു പിടിച്ചാലും ചോറ് പൂർണമായി ഒഴിവാക്കാൻ പലരും മടിക്കും. ആയുർവേദ ശാസ്ത്രപ്രകാരം ഔഷധമായും സൗന്ദര്യസംരക്ഷണത്തിനുള്ള കൂട്ടായും അരി പ്രയോജനപ്പെടുത്താനാകും. നിറം, രൂപം, ഘടന ഇവയുടെയെല്ലാം അടിസ്ഥാനത്തിൽ വൈവിധ്യമാർന്ന പലതരം അരികൾ വിപണിയിലുണ്ട്. പലതരം അർബുദം ഉൾപ്പെടെയുള്ള മാരകരോഗങ്ങൾ വരെ ചെറുക്കാൻ സഹായിക്കുന്നുവെന്നു പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. അരിക്കു പുറമേ കഞ്ഞി, കഞ്ഞിവെള്ളം, ചോറ്, അരി കഴുകിയ വെള്ളം എന്നിവയും പല ആവശ്യങ്ങൾക്ക് ഉപയോഗിക്കാറുണ്. ആയുർവേദത്തിൽ അരിയും അരി പാകപ്പെടുത്തി തയാറാക്കുന്ന ഉൽപന്നങ്ങളും ചികിത്സാ ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താറുണ്ട്. പഞ്ചകർമ ചികിത്സകളിൽ പ്രധാനമാണ് അരികൊണ്ടു തയാറാക്കുന്ന കഞ്ഞി.