കൊച്ചി: കളമശ്ശേരിയിൽ പാളം തെറ്റിയ ഗുഡ്സ് ട്രെയിനിന്‍റെ എഞ്ചിൻ ട്രാക്കിൽ നിന്ന് മാറ്റി. ഗുഡ്സ് ട്രെയിനിന്‍റെ എഞ്ചിൻ പാളം തെറ്റിയതിനെതുടര്‍ന്ന് മറ്റു ട്രെയിനുകള്‍ വൈകിയോടുകയാണ്. എഞ്ചിൻ പാളം തെറ്റിയതോടെ ഒരു ട്രാക്കിലൂടെയാണ് ട്രെയിനുകള്‍ കടത്തിവിട്ടിരുന്നത്. വൈകിട്ട് ഏഴുമണിയോടെയാണ് രണ്ടു ട്രാക്കുകളിലൂടെയും ട്രെയിനുകള്‍ കടത്തിവിട്ടു തുടങ്ങിയത്. എന്നാൽ, ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. സംഭവത്തെ തുടര്‍ന്ന് വിവിധ ട്രെയിനുകള്‍ പിടിച്ചിട്ടിരുന്നു. ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍, ഏറനാട് എക്സ്പ്രസ്, എറണാകുളം -ബെംഗളൂരു വന്ദേഭാരത്, എറണാകുളം-പാലക്കാട് മെമു തുടങ്ങിയ ട്രെയിനുകള്‍ രണ്ടു മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. ഉച്ചക്ക് മൂന്നിന് എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട പാലക്കാട് മെമു ട്രെയിൻ അടക്കം വൈകി.