പാലക്കാട്: ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പാലക്കാട് മുൻ നഗരസഭാ അധ്യക്ഷ പ്രിയ അജയൻ. ചെയർപേഴ്സൺ ആയിരുന്നപ്പോൾ പൂർണ്ണമായ പിന്തുണ ലഭിച്ചില്ലെന്നാണ് പ്രിയ അജയൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. നഗരസഭ കൗൺസിൽ നടന്നപ്പോൾ സ്വന്തം പാർട്ടിക്കാർ ഇറങ്ങിപ്പോയി. വിഷയാധിഷ്ഠിതമായിട്ടാണ് പിന്തുണ ലഭിച്ചത്. നേരിട്ട് കാര്യങ്ങൾ ബിജെപി നേതൃത്വത്തെ അറിയിച്ചിരുന്നു. ചെയർപേഴ്സൺ സ്ഥാനം രാജിവെക്കാനുള്ള കാരണം പാർട്ടിയിൽ നിന്നുണ്ടായ മോശം അനുഭവങ്ങളാണെന്നും പ്രിയ പറയുന്നു. ചെയർപേഴ്സൺ സ്ഥാനം നിലനിർത്തി പോകാൻ കഴിയാത്ത സാഹചര്യങ്ങൾ ഉണ്ടായെന്നും ഒരുപാട് പ്രയാസങ്ങൾ നേരിടേണ്ടി വന്നുവെന്നും പ്രിയ അജയന്‍ കൂട്ടിച്ചേര്‍ത്തു.രാഷ്ട്രീയ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കാൻ തീരുമാനിച്ചെന്ന് വ്യക്തമാക്കുകയാണ് പ്രിയ അജയന്‍. സ്വരം നന്നായിരുന്നപ്പോൾ പാട്ട് നിർത്തി. അഴിമതിക്കാരി ആണെന്ന് വരെ പ്രചരണം നടന്നു. നഗരസഭാ അധ്യക്ഷയായി ഇരുന്നപ്പോള്‍ ഒരു രൂപയുടെ അഴിമതി നടത്തിയിട്ടില്ലെന്നും പ്രിയ അജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. വീട്ടിൽ ഒരു പ്രശ്നമുണ്ടാകുമ്പോൾ അടുത്ത വീട്ടിലേക്ക് പോകുകയല്ലല്ലോ ചെയ്യുന്നതെന്നും പ്രിയ അജയന്‍ കൂട്ടിച്ചേര്‍ത്തു. കയ്പ്പേറിയ അനുഭവം ഉണ്ടായെന്നും രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് പ്രിയ അജയന്‍ ഫേസ്ബുക്ക് കുറിച്ചിരുന്നു. പ്രിയ അജയനെ കഴിഞ്ഞ ദിവസം കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് വി കെ ശ്രീകണ്ഠൻ എംപിയും രംഗത്തെത്തിയിരുന്നു.