ട്വിംഗോയുടെ ഇലക്ട്രിക്ക് പതിപ്പ് പുറത്തിറക്കി റെനോ. ട്വിംഗോ ഇ-ടെക്ക് എന്ന പേരിലിറക്കിയ വാഹനം ഫ്രാൻസിലാണ് എത്തിയിരിക്കുന്നത്. 1990-കളുടെ തുടക്കത്തിൽ ട്വിംഗോ യൂറോപ്പിലെ മിന്നും താരമായിരുന്നു. ചെറിയ ബോണറ്റ്, ലോവർ ഓവർഹാംഗുകൾ, ഉയരമുള്ള റൂഫ്ലൈൻ എന്നിവയോടൊപ്പം 3D-ടെക്‌സ്ചർ ചെയ്ത ബമ്പറുകൾ, പനോരമിക് ഗ്ലാസ് റൂഫ് എന്നിവ കാറിന് ഒരു പ്രീമിയം ടച്ച് വാഹനത്തിന് നൽകുന്നുണ്ട്. ട്വിംഗോ ഇ-ടെക് ഇലക്ട്രിക്കിന് ആകെ 3.79 മീറ്റർ നീളമേയുള്ളൂവെങ്കിലും, വീൽബേസ് 2.49 മീറ്ററാണ്.AmpR സ്‌മോൾ പ്ലാറ്റ്‌ഫോമിലാണ് ട്വിംഗോയും നിർമ്മിച്ചിരിക്കുന്നത്. 163 കിലോമീറ്റർ റേഞ്ച് കമ്പനി വാഗ്ദാനം ചെയ്തിട്ടുള്ളത്. മധ്യഭാഗത്ത് വലിയ 10.1 ഇഞ്ച് ടച്ച്സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും നൽകിയിരിക്കുന്നു. ഏകദേശം 12.1 സെക്കൻഡിനുള്ളിൽ 0-100kmph വേഗത കൈവരിക്കാൻ സാധിക്കുന്ന ഇവിയുടെ പരമാവധി വേഗത മണിക്കൂറിൽ ഏകദേശം 130 കിലോമീറ്ററാണ്.
സ്റ്റാൻഡേർഡ് കാറുകൾക്ക് 6.6kW AC ചാർജിംഗ് ലഭിക്കും. 4 മണിക്കൂറും 15 മിനിറ്റും കൊണ്ട് വാൾബോക്സിൽ 10 മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. ട്വിംഗോ ഇ-ടെക്കിന്റെ പവർട്രെയിനിൽ 27.5 കിലോവാട്ട്‌സ് ലിഥിയം-അയൺ (LFP) ബാറ്ററി പായ്ക്കുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ചൈനയിലെ CATL-ൽ നിന്നുള്ള LFP ബാറ്ററി ഉപയോഗിച്ചാണ് ഈ കാർ യൂറോപ്പിൽ അസംബിൾ ചെയ്യുന്നത്. നാല് നിറങ്ങളിൽ മാത്രമേ ഇത് ലഭ്യമാകൂ എന്ന് റെനോ പറഞ്ഞു. മൂന്ന് പതിറ്റാണ്ടിനിടെ 25 രാജ്യങ്ങളിലായി 4.1 ദശലക്ഷത്തിലധികം യൂണിറ്റ് ട്വിംഗോയാണ് റെനോ വിറ്റഴിച്ചത്.