അടിമുടി മാറ്റങ്ങളുമായി എത്തുന്ന 2025 മോഡൽ കിയ സെൽറ്റോസിന്റെ വിപണി അരങ്ങേറ്റത്തിന് തീയതി കുറിച്ച് കിയ. ഡിസംബർ 10ന് കിയ സെൽറ്റോസിന്റെ പുതു തലമുറയെ ആഗോള വിപണിയിൽ എത്തിക്കും. 2019ൽ ഇന്ത്യയിൽ എത്തിയ സെൽറ്റോസ് ആദ്യമായാണ് തലമാറ്റത്തിന് ഒരുങ്ങുന്നത്. ഇന്ത്യയിൽ എത്തുന്നത് രണ്ടാം തലമുറ സെൽറ്റോസ് ആയിരിക്കും. അടുത്ത വർഷം സെപ്റ്റംബർ വരെ ഇന്ത്യക്കാർ പുതിയ സെൽറ്റോസിനായി കാത്തിരിക്കേണ്ടി വരും.നിരവധി മാറ്റങ്ങളാണ് വാഹനത്തിൽ പ്രതീക്ഷിക്കുന്നത്. നിലവിലെ മോഡലിനേക്കാൾ വലിയ മോഡലാണ് പുതിയ സെൽറ്റോസ്. ഒരു ഫ്യൂച്ചറിസ്റ്റിക് ഡിസൈനിലായിരിക്കും വിപണിയിൽ സെൽറ്റോസ് എത്തുക. വാഹനത്തിന്റെ മെക്കാനിക്കൽ ഫീച്ചറുകളിൽ മാറ്റമുണ്ടാകില്ലെന്നാണ് വിലയിരുത്തലുകൾ. പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതുക്കിയ ടൈഗർ നോസ് ഗ്രിൽ, പുനർരൂപകൽപ്പന ചെയ്ത അലോയ് വീലുകൾ എന്നിവ വഹാനത്തിൽ ഉണ്ടാകും. പിന്നിൽ കണക്റ്റഡ് ടെയിൽ ലാമ്പുകളും പുതിയ ബമ്പർ ഡിസൈനും വാഹനത്തിന് കൂടുതൽ പ്രീമിയം ലുക്ക് നൽകും.പുതിയ കർവ്ഡ് ഡിസ്പ്ലേ, മെച്ചപ്പെടുത്തിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, അപ്ഡേറ്റ് ചെയ്ത ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ എന്നിവ വാഹനത്തിൽ സജ്ജീകരിക്കുമെന്നാണ് റിപ്പോർട്ട്. കൂടാതെ, വെന്റിലേറ്റഡ് സീറ്റുകൾ, പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ സവിശേഷതകൾ ഇതിന് ഒരു ആഡംബര എസ്‌യുവി അനുഭവം നൽകും.
പുതിയ കിയ സെൽറ്റോസിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്റെ എഞ്ചിൻ നിരയായിരിക്കും. ഇത്തവണ കമ്പനി പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ മാത്രം ഒതുങ്ങില്ല, മറിച്ച് ഒരു ഹൈബ്രിഡ് പവർട്രെയിനും ചേർക്കും. നിലവിലുള്ള 1.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾക്കൊപ്പം പുതിയ ഹൈബ്രിഡ് + TGDi പെട്രോൾ എഞ്ചിൻ ഓപ്ഷനും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.