നിരോധിത ഭീകര സംഘടനകളുമായി ബന്ധമുള്ള ഒരു ഭീകര നെറ്റ്‍വർക്ക് തകര്‍ത്ത് ജമ്മു കശ്മീർ, ഹരിയാന പൊലീസ് സേനകൾ. ഹരിയാനയിലെ ഫരീദാബാദിലുള്ള ഒരു മെഡിക്കൽ കോളേജുമായി ബന്ധമുള്ള ഡോക്ടർമാരിൽ നിന്ന്, സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, ഒരു അസോൾട്ട് റൈഫിൾ, വൻ ആയുധ ശേഖരം എന്നിവ പിടിച്ചെടുത്തു.മെഡിക്കൽ കോളേജിലെ ഡോക്ടറായ ഡോ. മുസാമിൽ ഷക്കീലിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച അൽ ഫലാഹ് ആശുപത്രിക്ക് സമീപം ഇയാൾ വാടകയ്ക്ക് എടുത്ത വീട്ടിൽ നിന്ന് രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു വനിതാ ഡോക്ടറുടെ കാറിൽ നിന്ന് ഒരു കരോം കോക്ക് അസോൾട്ട് റൈഫിളും കണ്ടെത്തി. ഇവരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റൊരു ഡോക്ടറായ ഡോ. ആദിൽ അഹമ്മദ് റാത്തറിനെ നേരത്തെ ആയുധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.