കാസർകോട് ബളാലിൽ വീട് വെക്കാൻ മണ്ണ് നീക്കിയതിന് നിർധന കുടുംബത്തിന് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് 50,000 രൂപ പിഴയിട്ട സംഭവത്തിൽ ഇടപെട്ട് കോൺഗ്രസ്. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് പാവപ്പെട്ട കുടുംബത്തോട് ചെയ്യുന്നത് വലിയ നീതികേടെന്ന് ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം പറഞ്ഞു. പിഴ പൂർണമായും ഒഴിവാക്കി കൊടുക്കണമെന്നും ഒഴിവാക്കി നൽകുന്നില്ലെങ്കിൽ കോൺഗ്രസ് പാർട്ടി 50,000 രൂപ പിഴ തങ്കമണിക്ക് വേണ്ടി അടക്കുമെന്ന് രാജു കട്ടക്കയം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പുന്നതിന് പകരം ക്രൂരതയോടെയാണ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡൻ്റ് ആരോപിച്ചു.