ഇടുക്കി: നിർമ്മാണ ശേഷമുളള വലിയ അറ്റകുറ്റപ്പണിക്കായി ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും. മൂന്ന് ജനറേറ്ററുകളുടെ അറ്റകുറ്റപ്പണിക്കായാണ് മൂലമറ്റം പവർഹൗസ് താത്ക്കാലികമായി പ്രവർത്തനം നിർത്തുന്നത്. ഇതോടെ, സംസ്ഥാനത്ത് ഒരുമാസം 24 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് ഉണ്ടാകുക.നവംബർ 11മുതൽ ഡിസംബർ പത്തുവരെയുളള നീണ്ട കാലയളവിലാണ് പവർഹൗസ് താത്ക്കാലികമായി അടച്ചിടുന്നത്. ആകേയുളളത് ആറ് ജനറേറ്റർ. മൂന്ന് ജനറേറ്ററുകൾക്കാണ് അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തേണ്ടത്. അടയ്ക്കുന്നതോടെ, ഭാഗീകമായെങ്കിലും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിൻ്റെ സാധ്യത കെഎസ്ഇബി പരിശോധിക്കുന്നുണ്ട്. എങ്കിലും പ്രതിദിന ഉത്പാദനമായ 780 മെഗാവാട്ടെന്നത് 390 മെഗാവാട്ടിലേക്ക് ചുരുങ്ങും. രണ്ട് ജനറേറ്ററുകളിലേക്ക് വെളളമെത്തിക്കുന്ന പ്രധാന ഇൻലെറ്റ് വാൾവിൻ്റെ സീലുകൾ തേഞ്ഞുപോയിട്ടുണ്ട്. ഇത് മാറ്റലാണ് പ്രധാനം. ഇവയ്ക്കൊപ്പമാണ് നാലാമത്തെ ജനറേറ്ററെന്നതിനാൽ അതിന്റെ പ്രവർത്തനവും നിർത്തും