തദ്ദേശ തെരഞ്ഞെടുപ്പ് ഗോദയിലെ സര്‍പ്രൈസ് എൻട്രിയായ കെ എസ് ശബരീനാഥൻ ഇപ്പോള്‍ ഗൃഹസമ്പര്‍ക്കത്തിന്‍റെ തിരക്കിലാണ്. സ്വന്തം വാര്‍ഡിൽ മാത്രമല്ല, മറ്റ് സ്ഥാനാർത്ഥികളുടെ പെട്ടിയിലും വോട്ടെത്തിക്കാൻ വീടുകൾ തോറും കയറി ഇറങ്ങുകയാണ് ശബരീനാഥൻ.ശാസ്തമംഗലം കവലയിലെ ചന്ദ്രേട്ടന്‍റെ ചായക്കട. സമയം രാവിലെ ഏഴ് മണി. പ്രഭാത സവാരിക്കിറങ്ങുന്നവരുടെ അടക്കം പതിവ് വിശ്രമ കേന്ദ്രം. ഇതിനിടയിലേക്ക് കടന്നുവരികയാണ് കെ എസ് ശബരീനാഥ്. വാര്‍ഡിൽ മല്‍സരിക്കുന്ന സരളാ റാണിയും ഒപ്പമുണ്ട്. സൗഹൃദം പുതുക്കിയും വോട്ട് ചോദിച്ചും മുന്നോട്ട്. പിന്നെ സമീപത്തെ വീടുകളിലേക്ക്.
ബിജെപിയും സിപിഎമ്മും തമ്മിലെ പോരിനിടെ കാര്യമായ റോളില്ല തലസ്ഥാനത്ത് കോണ്‍ഗ്രസിന്. ഇതിനൊരു മാറ്റം വരുത്താനുള്ള ആലോചനയിൽ ഉദിച്ചതാണ് ശബരിയെ രംഗത്തിറക്കിയുള്ള തന്ത്രം- "എംഎൽഎ ആയിരിക്കുമ്പോഴും അല്ലാത്തപ്പോഴുമൊക്കെ എനിക്ക് ജനങ്ങളുമായി ബന്ധമുണ്ട്. ശാസ്തമംഗലത്തും കവടിയാറും അരുവിക്കരയിലുമൊക്കെയുണ്ട്. പാർട്ടി ഇങ്ങനെയൊരു നിർദേശം വച്ചപ്പോൾ ഊർജ്ജമായത് ആ ബന്ധങ്ങളാണ്. പാർട്ടിയുടെ നയങ്ങൾ നടപ്പാക്കാനുള്ള വെഹിക്കിൾ മാത്രമാണ് ഞാൻ"