കൊച്ചി കോർപ്പറേഷനിൽ മേയർ വനിതയാകുമെന്നുറപ്പിച്ചതോടെ തിരക്കിട്ട ചർച്ചകളിൽ മുന്നണികൾ. മേയർ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന സ്ഥാനാർത്ഥികളുടെ നീണ്ട നിര തന്നെയാകും യുഡിഎഫ് ക്യാമ്പിന്റെ കരുത്തും പ്രതിസന്ധിയും. മേയർ സ്ഥാനത്തേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയോ, പാർട്ടി നേതാക്കളോ എന്ന ചർച്ചകൾ എൽഡിഎഫിലും നടക്കുന്നുണ്ട്. 2005ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി എത്തിയ മേഴ്സി വില്യംസ് ആയിരുന്നു കൊച്ചിയുടെ ആദ്യ വനിതാ മേയർ. പിന്നെ 2015ൽ സൗമിനി ജെയിൻ. ആരാകും കൊച്ചിയുടെ മൂന്നാമത്തെ വനിതാ മേയർ എന്ന് കാത്തിരിക്കുകയാണ് നാട്ടുകാർ.പറഞ്ഞുകേൾക്കുന്ന പേരുകൾ പലതുണ്ടെങ്കിലും എൽഡിഎഫും യുഡിഎഫും ഇതുവരെ ഒറ്റപ്പേരിലേക്ക് എത്തിയിട്ടില്ല. മേയർ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന നേതാക്കളുടെ നീണ്ട നിര തന്നെയുണ്ട് യുഡിഎഫിൽ. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, മുൻ മേയർ സൗമിനി ജെയിൻ, മഹിള കോൺഗ്രസ് നേതാവ് അഡ്വ. മിനി മോള്‍, മുൻ കൗൺസിലർ ഷൈനി മാത്യു. അങ്ങനെ നീളുന്നു സാധ്യത ലിസ്റ്റ്. ലിസ്റ്റ് വലുതാണെങ്കിലും ദീപ്തി മേരി വര്‍ഗീസിന് തന്നെയാകും പ്രഥമ പരിഗണന. സൗമിനി ജെയിനിനെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പിനെ നേരിടണമെന്ന ആവശ്യവും കോൺഗ്രസ് ക്യാമ്പിൽ ഉയരുന്നുണ്ട്.
സെന്‍റ് തെരേസാസ് കോളേജ് കോളേജ് അധ്യാപികയായി വിരമിച്ച മേഴ്സി വില്യംസിനെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കി ജയിപ്പിച്ചാണ് സിപിഎം 2005ൽ മേയർ സ്ഥാനത്തേക്ക് കൊണ്ടുവന്നത്. ഇക്കുറി അഭിമാന പദ്ധതികൾ മുൻനിർത്തി വോട്ടുതേടുന്ന സിപിഎം ഭരണം നിലനിർത്താൻ മേയർ സ്ഥാനത്തേക്ക് സ്വതന്ത്രയെ കൊണ്ടുവരുമോയെന്നതാണ് കൗതുകം. ഇടപ്പള്ളിയിൽ നിന്നുള്ള കൗൺസിലർ ദീപ വർമ, കൊച്ചി ഏരിയ സെക്രട്ടറി പി.എസ്.രാജം, അധ്യാപികയായ ഡോ. പൂർണിമ നാരായണൻ എന്നിവരും സാധ്യതാ പട്ടികയിലുണ്ട്.