വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് വീണ്ടും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മോദി മഹാനായ വ്യക്തിയാണെന്നും സുഹൃത്താണെന്നും വിശേഷിപ്പിച്ച ട്രംപ്, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള സാധ്യതയുണ്ടെന്നും സൂചന നൽകി. പ്രധാനമന്ത്രി മോദിയുമായുള്ള തൻ്റെ ചർച്ചകൾ ഗംഭീരമായി മുന്നോട്ട് പോകുന്നുവെന്നും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി മോദി റഷ്യയിൽ നിന്ന് എണ്ണയടക്കം ഉൽപ്പന്നങ്ങൾ വാങ്ങുന്നത് വലിയ തോതിൽ നിർത്തി. അദ്ദേഹം എൻ്റെ സുഹൃത്താണ്, ഞങ്ങൾ സംസാരിക്കാറുണ്ട്. ഞാൻ അവിടേക്ക് ഇന്ത്യയിലേക്ക് വരണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടെന്നും ഉടൻ തീരുമാനമുണ്ടാകുമെന്നും ട്രംപ് പറഞ്ഞു. അടുത്ത വർഷം ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ പദ്ധതിയുണ്ടോയെന്ന ചോദ്യത്തിന്, അങ്ങനെയാകാമെന്നായിരുന്നു ട്രംപിൻ്റെ മറുപടി.