കേരളത്തിനാകെ നൊമ്പരമായി മാറിയ അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന്‍റെ മരണത്തിൽ ഇന്ന് പൊലീസ് കൂടുതൽ നടപടികളിലേക്ക് കടക്കും. കുഞ്ഞിന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചതോടെ അമ്മൂമ്മയുടെ അറസ്റ്റടക്കം രേഖപ്പെടുത്തിയുള്ള നടപടികൾ ഇന്നുണ്ടാകും. അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുഞ്ഞിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അമ്മൂമ്മ റോസ്‌ലിയുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തുക. മാനസിക പ്രശ്നങ്ങളെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം. മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അമ്മൂമ്മ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.