എസ് ഐ ആറിനെതിരായ തുടർ നടപടികൾ തീരുമാനിക്കാൻ മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷിയോഗം ഇന്ന് വൈകിട്ട് ചേരും. ഓൺലൈൻ വഴിയാണ് യോഗം ചേരുക. വൈകീട്ട് നാലരക്കാണ് യോഗം ചേരുകയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രതിപക്ഷനേതാവ് വി ഡി സതീശൻ അടക്കം യോഗത്തിൽ പങ്കെടുക്കും. എസ് ഐ ആറിനെതിരെ എൽ ഡി എഫും യു ഡി എഫും യോജിച്ചുള്ള നിയമ - രാഷ്ട്രീയ പോരിന് തീരുമാനമെടുക്കുമെന്ന് ഉറപ്പാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തിന്‍റെ ബ്ലാങ്ക് ചെക്ക് നൽകിയെന്നാണ് വി ഡി സതീശൻ വ്യക്തമാക്കിയത്. എസ് ഐ ആറിനെ ഏതൊക്കെ നിലയിൽ എതിർക്കണം എന്ന കാര്യത്തിലടക്കം ഇന്നത്തെ സർവകക്ഷി യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.