ആലപ്പുഴ, എറണാകുളം, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പുതിയ കാത്ത് ലാബുകള്‍ സ്ഥാപിക്കുന്നതിന് 44.30 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആലപ്പുഴ മെഡിക്കല്‍ കോളേജിന് 14.31 കോടി രൂപയും എറണാകുളം മെഡിക്കല്‍ കോളേജിന് 14.99 കോടി രൂപയും കോഴിക്കോട് മെഡിക്കല്‍ കോളേജിന് 15 കോടി രൂപയുമാണ് അനുവദിച്ചത്. നൂതന ഹൃദ്രോഗ ചികിത്സയ്ക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. സംസ്ഥാനത്ത് പ്രധാന മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴില്‍ 12 ആശുപത്രികളില്‍ കാത്ത് ലാബ് സജ്ജമാക്കിയിട്ടുണ്ട്. ഇടുക്കിയില്‍ കൂടി കാത്ത് ലാബ് സ്ഥാപിക്കുന്നതോടെ എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.