140 കിലോമീറ്റർ താഴെ പെർമിറ്റുള്ള സ്വകാര്യ ബസുകൾ ലിമിറ്റഡ് സ്റ്റോപ്പായി ഓടാൻ പാടില്ലെന്ന സർക്കാർ ഉത്തരവിനെതിരെ സ്വകാര്യ ബസുടമകൾ സുപ്രീം കോടതിയിൽ. സർക്കാരിൻറെ അപ്പീൽ തള്ളണമെന്ന് ബസ് ഉടമകൾ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. കേരള സർക്കാർ നടപ്പാക്കിയത് ഏകപക്ഷീയമായ തീരുമാനമാണെന്നും നിയമവിരുദ്ധ കുത്തകവൽക്കരണത്തിനാണ് ശ്രമമെന്നും ആരോപിച്ചു. സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. വേണ്ടത്ര ചർച്ചകൾ നടത്താതെയാണ് സർക്കാർ ഉത്തരവിറക്കിയത്. പല റൂട്ടുകളിലും ഓടാൻ ആവശ്യമായ ബസുകൾ കെഎസ്ആർടിസിക്കില്ല. കേരള ഹൈക്കോടതി എല്ലാ വിഷയങ്ങളും പരിഗണിച്ചാണ് സർക്കാർ ഉത്തരവ് റദ്ദാക്കിയത്. കെഎസ്ആർടിസിയുടെ സ്റ്റേ ആവശ്യം അംഗീകരിക്കരുതെന്നും ബസുടമകൾ ആവശ്യപ്പെട്ടു.