കിങ്സ്റ്റൺ: 295 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച മെലിസ ജമൈക്കയിൽ കനത്ത നാശനഷ്ടം വിതച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് തെക്കുപടിഞ്ഞാറൻ ജമൈക്കയിൽ ശക്തമായ കാറ്റഗറി 5 കൊടുങ്കാറ്റായ മെലിസ കര തൊട്ടത്. വിനാശകരമായ കാറ്റും, പേമാരിയും, കൊടുങ്കാറ്റുമുണ്ടായി. വീടുകളും സ്കൂളുകളും ആശുപത്രി കെട്ടിടങ്ങളും തകർന്നുവീണു. തെരുവുകൾ വെള്ളപ്പൊക്കത്തിൽ മുങ്ങി. നാശത്തിന്റെ തോത് ഗണ്യമാണെന്ന് പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനെസ് പറഞ്ഞു. ഇതുവരെ ഞങ്ങൾക്ക് ലഭിച്ച റിപ്പോർട്ടുകളിൽ ആശുപത്രികൾക്കും, പാർപ്പിട ഭവനങ്ങൾക്കും, വാണിജ്യ സ്വത്തുക്കൾക്കും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.