ഉഭയകക്ഷിബന്ധം വഷളാകുന്നതിനിടെ സിപിഐ മന്ത്രിമാർ വിളിച്ച യോഗം അഞ്ചുമിനിറ്റുകൊണ്ട് അവസാനിപ്പിച്ച് മുഖ്യമന്ത്രി ഇറങ്ങിപ്പോയി. നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് എറണാകുളത്ത് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് വിളിച്ച യോഗമാണ് മില്ലുടമകൾ ഇല്ലെന്ന പേരിൽ മുഖ്യമന്ത്രി നിമിഷ നേരം കൊണ്ട് പിരിച്ചുവിട്ടത്. നാളത്തെ മന്ത്രിസഭാ യോഗം ബഹിഷ്കരിക്കുമെന്ന് സിപിഐ നിലപാട് വ്യക്തമാക്കിയിരിക്കെ നാളെ തിരുവനന്തപുരത്ത് യോഗം ചേരാമെന്നാണ് മുഖ്യമന്ത്രി സിപിഐ മന്ത്രിമാരെ അറിയിച്ചത്. പി എം ശ്രീയുടെ പേരിലുള്ള സിപിഎം-സിപിഐ തർക്കം ഭരണത്തെ ബാധിക്കില്ലെന്ന് ഇരുകൂട്ടരും ആവർത്തിക്കുന്നതിനിടെയാണ് നെല്ലുസംഭരണവുമായി ബന്ധപ്പെട്ട യോഗം പാതിവഴിയിൽ അവസാനിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി ഇറങ്ങിപ്പോയത്. സിപിഐയുടെ കൈവശമുളള ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പാമായിരുന്നു എറണാകുളം ഗസ്റ്റ് ഹൗസിൽ യോഗം വിളിച്ചത്. സിപിഐ മന്ത്രിമാരായ ജി ആർ അനിൽ, കൃഷിമന്ത്രി പി പ്രസാദ് എന്നിവർക്കുപുറമേ ധനമന്ത്രി കെ ബാലഗോപാലും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയും ഉന്നത ഐ എ എസ് ഉദ്യോഗസ്ഥരും യോഗത്തിന് എത്തിയിരുന്നു.