ബിഹാറിലെ പാർട്ടികളിൽ കൂട്ട പുറത്താക്കൽ. ഭരണപക്ഷ പ്രതിപക്ഷ ഭേദമില്ലാതെയാണ് നേതാക്കൾക്കെതിരെ നടപടി. 26 നേതാക്കളെയാണ് ആർജെഡി പുറത്താക്കിയത്. കഹൽഗാം എംഎൽഎയടക്കം 6 നേതാക്കളെ ബിജെപി പുറത്താക്കി. ജെഡിയു 16 നേതാക്കളെ പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ചാണ് നടപടി. ടിക്കറ്റ് ആവശ്യപ്പെട്ട് പ്രതിഷേധിച്ച നേതാക്കളാണ് മൂന്ന് പാർട്ടികളിലും നടപടി നേരിട്ടിരിക്കുന്നത്. നിയമ സഭാ തെരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം നീങ്ങുന്നതിനിടെയാണ് പ്രധാന പാർട്ടികളെല്ലാം തന്നെ റിബൽ നേതാക്കളെ പുറത്താക്കിയിട്ടുള്ളത്. നവംബർ 6, 11 തിയതികളിലാണ് ബിഹാർ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 14നാണ് തെരഞ്ഞെടുപ്പ് ഫലം വരിക.