അര്‍ജന്‍റീനയുടെ മത്സരം നടന്നാലും ഇല്ലെങ്കിലും കലൂര്‍ സ്റ്റേഡിയം കരാര്‍ തീയതിക്കുള്ളിൽ നവീകരിച്ച് വിട്ടുനൽകുമെന്ന് സ്പോണ്‍സര്‍ ആന്‍റോ അഗസ്റ്റിൻ പറഞ്ഞു. അര്‍ജന്‍റീനയുടെ മത്സരം നടത്തുന്നതിനായി നവീകരിക്കുന്നതിനായി കലൂര്‍ സ്റ്റേഡിയം വിട്ടുതന്നതിന്‍റെ കരാര്‍ കാലാവധി നവംബര്‍ 30വരെയാണ്. സ്പോർട്സ് ഫെഡറേഷൻ കേരളയുമായാണ് കരാറുള്ളത്. നവംബര്‍ 30നുശേഷം സ്റ്റേഡിയം പൂര്‍ണമായും ജിസിഡിഎക്ക് കൈമാറും.അത് കഴിഞ്ഞ് ഒരു ദിവസം പോലും സ്റ്റേഡിയം തനിക്ക് വേണ്ട. തനിക്ക് ഒരു അവകാശവും വേണ്ട. അത്തരത്തിൽ ഒരു അവകാശവും ചോദിച്ചിട്ടുമില്ല.മാർച്ചിൽ അർജന്‍റീന ടീം വരുന്നുണ്ടെങ്കിൽ അക്കാര്യം സർക്കാരിനെ അറിയിക്കും. സർക്കാർ അനുവദിച്ചാൽ മത്സരം നടക്കും. ഒരു ദുരൂഹ ഇടപാടും തനിക്കില്ലെന്നും നവീകരണത്തിന്‍റെ നഷ്ടം സഹിക്കാൻ തയ്യാറാണെന്നും ഇനി ഇപ്പോൾ ചെയ്യുന്ന നവീകരണം നിർത്താൻ സർക്കാർ ആവശ്യപ്പെട്ടാൽ അതിനും തയ്യാറാണെന്നും ആന്‍റോ അഗസ്റ്റിൻ പറഞ്ഞു.