ദില്ലിയില്‍ എംപിമാര്‍ താമസിക്കുന്ന ബ്രഹ്മപുത്ര അപ്പാര്‍ട്ട്മെന്‍റില്‍ തീപിടുത്തം. സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്‍റെ രണ്ട് നിലകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ആളപായമില്ല. പടക്കത്തില്‍ നിന്ന് തീപടര്‍ന്നെന്നാണ് പ്രാഥമിക നിഗമനം. ഉച്ചക്ക് ഒരു മണിയോടെയാണ് ബിഡി മാര്‍ഗിലുള്ള ബ്രഹ്മപുത്ര അപ്പാര്‍ട്ട്മെന്‍റിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന് തീപിടിച്ചത്. ബേസ്മെന്‍റില്‍ കൂട്ടിയിട്ടിരുന്ന ഉപയോഗശൂന്യമായ ഫര്‍ണ്ണിച്ചറുകള്‍ക്ക് ആദ്യം തീ പിടിക്കുകയായിരുന്നു. ദീപാവലിക്കാലമായതിനാല്‍ പടക്കം പൊട്ടിച്ചതില്‍ നിന്ന് തീ പടരുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.