കർണാടക സർക്കാർ സെക്കൻഡറി സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് (എസ്എസ്എൽസി), സെക്കൻഡ് പ്രീ-യൂണിവേഴ്സിറ്റി കോഴ്സ് (II പിയുസി) എന്നിവയുടെ യോഗ്യതാ മാനദണ്ഡങ്ങൾ പരിഷ്കരിച്ചു. അടുത്ത ക്ലാസ്സിലേക്ക് യോഗ്യത നേടുന്നതിനുള്ള ഏറ്റവും കുറഞ്ഞ മാർക്ക് 33 ശതമാനമാക്കിയതാണ് പ്രധാന പരിഷ്കാരം. നേരത്തെ ഇത് 35% ആയിരുന്നു. മാറ്റങ്ങൾ ഉടനടി പ്രാബല്യത്തിൽ വരും. പുതുക്കിയ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും പരീക്ഷയിൽ വിദ്യാർഥികൾ ജയിച്ചോ തോറ്റോ എന്ന് തീരുമാനിക്കുക. 15 ദിവസത്തെ കൂടിയാലോചന കാലയളവിൽ 701 കത്തുകൾ ഭേദഗതിയെ അനുകൂലിച്ച് വോട്ട് ചെയ്തു. എട്ട് കത്തുകൾ മാത്രമാണ് സർക്കാർ നീക്കത്തെ എതിർത്തത്. വിജയശതമാനം വർധിപ്പിക്കാനും സിബിഎസ്ഇയും മറ്റ് ബോർഡുകളുമായി യോജിപ്പിച്ച് ഏകീകൃത സംവിധാനം ഏർപ്പെടുത്താനും ആഗ്രഹിക്കുന്നുവെന്ന് പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു. കർണാടക ഭരണപരിഷ്കാര കമ്മീഷൻ -2 ന്റെ നാലാമത്തെ റിപ്പോർട്ടിൽ നിന്നുള്ള നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ തീരുമാനം.പുതുക്കിയ നിയമങ്ങൾ അനുസരിച്ച്, പരീക്ഷകളിൽ വിജയിക്കാൻ, സെക്കൻഡറി സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് വിദ്യാർത്ഥികൾ ഓരോ വിഷയത്തിനും 30% മാർക്കും ഇന്റേണൽ അസസ്‌മെന്റും എക്‌സ്‌റ്റേണൽ പരീക്ഷയും സംയോജിപ്പിച്ച് 33% മാർക്കും (625 ൽ കുറഞ്ഞത് 206 മാർക്ക്) നേടണം.
പിയുസി പരീക്ഷര്ര് ഓരോ വിഷയത്തിനും 30 ശതമാനം മാർക്ക് (എഴുത്ത്, പ്രായോഗിക/ഇന്റേണൽ അസസ്‌മെന്റുകൾ ഉൾപ്പെടെ) നേടുകയും മൊത്തത്തിൽ 33 ശതമാനം സ്കോർ നേടുകയും വേണം. 600 മാർക്കിൽ 198 നേടിയാൽ യോഗ്യതയായി കണക്കാക്കും. അഖിലേന്ത്യാ ഉന്നത വിദ്യാഭ്യാസ സർവേ (എഐഎസ്എച്ച്ഇ) പ്രകാരം, 2021-22 ൽ കർണാടക ദേശീയതലത്തിൽ 15-ാം സ്ഥാനത്തായിരുന്നു. അതിനാൽ, ഉയർന്ന വിജയശതമാനം നേടുന്നതിനായി പാസിംഗ് മാർക്ക് കുറയ്ക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.