കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് സിവിൽ സര്‍വീസിൽ നിന്ന് രാജിവെച്ച മലയാളി കണ്ണൻ ഗോപിനാഥൻ കോണ്‍ഗ്രസിൽ ചേര്‍ന്നു. ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കണ്ണൻ ഗോപിനാഥൻ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിൽ നിന്ന് അംഗത്വം സ്വീകരിച്ചു. കണ്ണൻ ഗോപിനാഥൻ ധൈര്യശാലിയായ ഉദ്യോഗസ്ഥനാണെന്നും നീതിക്കായി കണ്ണൻ വാദിച്ചുവെന്നും കെസി വേണുഗോപാൽ പറഞ്ഞു. നീതിക്കായി പോരാടുന്ന ഒരേയൊരു പാർട്ടിയാണ് കോൺഗ്രസ്. അതുകൊണ്ടാണ് കണ്ണൻ കോൺഗ്രസ് തെരഞ്ഞെടുത്തത്. വിഭജന അജണ്ടകൾക്കെതിരെയാണ് കണ്ണന്‍റെ പോരാട്ടമെന്നും കെസി വേണുഗോപാൽ പറഞ്ഞു. തെറ്റുകള്‍ക്കെതിരെയായിരുന്നു തന്‍റെ യുദ്ധമെന്നും ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് നിരവധിപേരുമായി സംസാരിച്ചുവെന്നും കോണ്‍ഗ്രസാണ് ഒരു ബദലായി തോന്നിയതെന്നും അംഗത്വം സ്വീകരിച്ചശേഷം കണ്ണൻ ഗോപിനാഥൻ പ്രതികരിച്ചു.