ജിഎസ്ടി നിരക്കുകള്‍ കുറച്ചിട്ടും സാധാരണക്കാര്‍ക്ക് ഇതിന്‍റെ പ്രയോജനം കിട്ടാത്തതിന്‍റെ കാരണങ്ങളിലൊന്ന് കേന്ദ്രസർക്കാർ തന്നെ പുറത്തിറക്കിയ പരസ്പരവിരുദ്ധമായ രണ്ട് സർക്കുലറുകളാണ്. ഇളവുകള്‍ കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച് വ്യക്തമായ നിബന്ധനകളോടെ ഉപഭോക്തൃ മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ പത്ത് ദിവസങ്ങള്‍ക്കകം ഇതേ മന്ത്രാലയം തന്നെ വെളളം ചേര്‍ക്കുകയായിരുന്നു. അമിത ലാഭം തടയാന്‍ രൂപീകരിച്ച അതോറിറ്റിയുടെ പ്രവർത്തനം കൂടി പരിഷ്കരണത്തിന്‍റെ ഭാഗമായി നിർത്തലാക്കിയതോടെ ഉപഭോക്താക്കളെ കൊള്ളയടിക്കാനുള്ള അവസരമാണ് കന്പനികള്‍ക്കും ഡീലര്‍മാര്‍ക്കും തുറന്ന് കിട്ടിയത്. കേന്ദ്ര ഉപഭോക്ത മന്ത്രാലയം സെപ്റ്റംബർ 9ന് പുറത്തിറക്കിയ സർക്കുലർ ആയിരുന്നു ജിഎസ്ടി ഇളവുകളുടെ നേട്ടം ജനങ്ങളിൽ എത്തിക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ ആദ്യം പുറത്തിറക്കിയ നിർദ്ദേശങ്ങളിൽ ഒന്ന്.നിലവിൽ ഉത്പാദിപ്പിച്ച് കഴിഞ്ഞതും വിപണിയിൽ ഉള്ളതുമായ ഉൽപ്പന്നങ്ങളിൽ ജിഎസ്ടി ഇളവുകൾ ചേർത്തുള്ള പുതിയ എംആർപി പതിക്കണമെന്ന് നിർദ്ദേശിക്കുന്ന ഈ സർക്കുലറിൽ കൃത്യമായ ചില ഉപാധികൾ കൂടി മുന്നോട്ടു വച്ചിരുന്നു. ഉൽപ്പന്നത്തിന്റെ മേൽ പഴയ എംആർപിയും പുതിയ എംആർപിയും കൃത്യമായി തന്നെ പ്രദർശിപ്പിക്കണം, നികുതി നിരക്കിന് ആനുപാതികമായി വേണം പുതിയ എംആർപി നിശ്ചയിക്കാൻ, ജിഎസ്ടി ഇളവിനെ തുടർന്ന് വിലയിൽ വരുന്ന വ്യത്യാസം വ്യക്തമാക്കി കൊണ്ട് ഉത്പാദകർ രണ്ട് ദിനപത്രങ്ങളിൽ പരസ്യം നൽകണം, പഴയതും പുതിയതുമായ എംആർപി പതിച്ചുള്ള ഉൽപ്പന്നങ്ങളുടെ വിൽപ്പന ഡിസംബർ 31 വരെ മാത്രമേ പാടുള്ളൂ ഇതിനുശേഷം പുതിയ എംആർപി പതിച്ച ഉത്പന്നങ്ങൾ വേണം വിപണിയിലിറക്കാൻ എന്നും ഈ സർക്കുലറിൽ പറഞ്ഞിരുന്നു.