അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇന്നിംഗ്‌സിലും 140 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ഒന്നാം ഇന്നിംഗ്‌സില്‍ 286 റണ്‍സിന്റെ ലീഡ് വഴങ്ങിയ വിന്‍ഡീസ് രണ്ടാം ഇന്നിംഗ്‌സില്‍ കേവലം 146 റണ്‍സിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് വിന്‍ഡീസിനെ തകര്‍ത്തത്. മുഹമ്മദ് സിറാജ് മൂന്നും കുല്‍ദീപ് യാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി. നേരത്തെ, വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 162നെതിരെ ഇന്ത്യ അഞ്ചിന് 448 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ധ്രുവ് ജുറല്‍ (125), രവീന്ദ്ര ജഡേജ (പുറത്താവാതെ 104), കെ എല്‍ രാഹുല്‍ (100) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചിരുന്നത്. സ്‌കോര്‍: വെസ്റ്റ് ഇന്‍ഡീസ് 162 &146, ഇന്ത്യ 448/5 ഡി. ഓള്‍റൌണ്ട് പ്രകടനം പുറത്തെടുത്ത രവീന്ദ്ര ജഡേജയാണ് മത്സരത്തിലെ താരം.