കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശിൽപയെ കര്‍ണാടക കേഡറിലേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേ. സുപ്രീംകോടതിയാണ് ഉത്തരവ് സ്റ്റേ ചെയ്തത്. കേന്ദ്രസർക്കാർ നൽകിയ അപ്പീലിലാണ് നടപടി. കേഡർ മാറ്റം നിലവിൽ പ്രായോഗികമല്ലെന്നാണ് കേന്ദ്ര നിലപാട്. ശിൽപ അടക്കം എതിർകക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് നൽകി. കേസിൽ പിന്നീട് വിശദമായ വാദം കേൾക്കും. കര്‍ണാടക സ്വദേശിനിയായ ഡി ശിൽപയെ കേരള കേഡറില്‍ ഉള്‍പ്പെടുത്തിയത് തെറ്റായിട്ടാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ മെയ് മാസത്തിലാണ് കേഡർ മാറ്റത്തിന് ഉത്തരവിട്ടത്. ഡി. ശിൽപയ്ക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ദാമ ശേഷാദ്രി നായിഡു, അഭിഭാഷകരായ പി. ജോർജ് ഗിരി, ജാസ്മിൻ കുര്യൻ ഗിരി എന്നിവരാണ് ഹാജരായത്.